Wednesday, March 4, 2009

പ്രവാചകന്റെ വഴി

പ്രവാചകന്റെ വഴി
ഒ വി വിജയന്‍
നോവല്‍
ഡി.സി.ബുക്സ്, കോട്ടയം first publ :-1993 Rs 85/- ( october 2000)


>>>>> പക്ഷേ യുദ്ധത്തിന്റെ പ്രകടനാത്മകതയെ മറികടക്കാന്‍ കഴിഞ്ഞ സേനാധിപതികളോ ഭരണകര്‍ത്താക്കളോ ഇല്ല. ആത്മഹത്യയിലൂടെ അല്ലെങ്കില്‍ ഗോത്രഹത്യയിലൂടെ നഗരങ്ങളെ എരിച്ചും രാജ്യങ്ങളെ നാമാവശേഷമാക്കിയും, പടനായകനും നേതാവും ഭീമമായ കോലങ്ങളായി പടര്‍ന്നുയരുന്നു <<<<<


>>>>> ഭീകരന്മാര്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ആയുധം ശേഖരിക്കുന്നുവത്രേ. ഈ ആയുധങ്ങള്‍ മാനത്തു നിന്നും പൊട്ടിവീഴുകയാണോ? വെടുപ്പോടെ പെട്ടികളില്‍ നിറച്ച് ക്ഷേത്രത്തിലേക്ക് കടത്തുകയല്ലേ? ഒരു തലനാരിഴ വീണാല്‍ അതു കാണാന്‍ കഴിയും നമ്മുടെ രഹസ്യ വകുപ്പിന്. ഇതു തടയാന്‍ ചെറുവിരല്‍ പൊക്കുകയേ വേണ്ടൂ!. അപ്പോള്‍ ക്ഷേത്രത്തെ ആയുധപ്പുരയാക്കി മാറ്റുന്നത് ആരാണ്, തീര്‍ത്ഥാടകരോ രഹസ്യപ്പോലീസോ?!.<<<<<

>>>>> കാല്‍പ്പടിയാളി എന്നും യുദ്ധങ്ങളിലെ അധഃകൃതനായിരുന്നു.<<<<<

>>>>> വെള്ളചക്രവര്‍ത്തിമാരുടെ ഗൃഹപ്രവേശത്തിനു വേണ്ടി പണിഞ്ഞ ഇന്ത്യാഗേറ്റിന്റെ ഉച്ചിയില്‍, മരിച്ച പടിയാളികള്‍ക്കു വേണ്ടി എരിഞ്ഞ ഒരു തീപന്തത്തിന്റെ കെടാവിളക്ക്, സുജാന്‍സിംഗ് അതിലേക്ക് ചൂണ്ടി അത് കാണുമ്പോള്‍ എന്റെയുള്ളിലും എന്തോ എരിയുകയാണ്, സാബ്. കലിയും പകയും. പെണ്ണുങ്ങളുടെയും കുട്ടികളുടെയും നടുവില്‍ നിന്ന് പറിച്ചെടുത്ത ഈ ചെറുപ്പക്കാരെ ആരാണ് ഒരു ഗ്യാസടുപ്പിന്റെ തിരിയാക്കി മാറ്റിയത്.<<<<<

>>>>> പട്ടാളക്കാര്‍ ഒരു പ്രദേശത്തെ ആക്രമിക്കുമ്പോള്‍ എന്തൊക്കെയാണ് സംഭവിക്കുക?
സുജാന്‍സിംഗ് മനസ്സില്‍ എണ്ണം പിടിച്ചു, അയാള്‍ പറഞ്ഞു "വെടിവയ്‌പ്, മരണം, വെട്ടിപ്പിടിത്തം--"<<<<<

>>>>> ഒന്ന്, രണ്ട്, മൂന്ന്, ഇനി നാലിലേക്ക് കടക്കാം, ഒരു നഗരം കീഴടങ്ങുന്നു. നഗരങ്ങളിലെ ആണുങ്ങളത്രയും അകലെയുള്ള യുദ്ധക്കളത്തില്‍. ശേഷിച്ചത് പെണ്ണുങ്ങള്‍ മാത്രം. പട്ടാളം എന്തു ചെയ്യും?
സുജാന്‍സിംഗ് മറുപടി പറഞ്ഞില്ല, നാരായണന്‍ തുടര്‍ന്നു; "ഞാന്‍ പറയാം, ഒളിഞ്ഞിരിക്കാനിടയുള്ള പുരുഷ പ്രജകളെ തേടാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാവുന്നു. അവളുടെ ഭര്‍ത്താവ് എവിടെപ്പോയെന്ന് അറിയാന്‍ അവളെ പിടിച്ചു കുലുക്കേണ്ടി വരുന്നു. ഒളിപ്പോരിനു വേണ്ടി അവളുടെ ശരീരത്തില്‍ എങ്ങെങ്കിലും ആയുധങ്ങള്‍ തിരുകി വച്ചിട്ടുണ്ടോ എന്ന് അറിയണം, അവള്‍ക്ക് ചെറുപ്പവും സൗന്ദര്യവും ഉണ്ടെന്നും ഓര്‍ക്കണം. അപ്പോള്‍ നിങ്ങള്‍ എന്തുചെയ്യുന്നു?"<<<<<

>>>>> സൈനിക സേവനം ഉദ്യോഗമാണ്, കൂലിയാണ്, കൊലപ്പണമാണ്. അങ്ങനെയല്ലാത്ത പട്ടാളം ഒളിപ്പോരാളികള്‍ മാത്രമാണ്. ഒളിപ്പോരാളികളും പിന്നെ അപൂര്‍വ്വം ചില വിമോചനസേനകളും---<<<<<

>>>>> "അമിതമായ തീറ്റക്കൊതി യുദ്ധങ്ങളുടെ മൂലകാരണം"<<<<

1 comment:

  1. ഈ ആയുധങ്ങള്‍ മാനത്തു നിന്നും പൊട്ടിവീഴുകയാണോ? വെടുപ്പോടെ പെട്ടികളില്‍ നിറച്ച് ക്ഷേത്രത്തിലേക്ക് കടത്തുകയല്ലേ? ഒരു തലനാരിഴ വീണാല്‍ അതു കാണാന്‍ കഴിയും നമ്മുടെ രഹസ്യ വകുപ്പിന്. ഇതു തടയാന്‍ ചെറുവിരല്‍ പൊക്കുകയേ വേണ്ടൂ!. അപ്പോള്‍ ക്ഷേത്രത്തെ ആയുധപ്പുരയാക്കി മാറ്റുന്നത് ആരാണ്, തീര്‍ത്ഥാടകരോ രഹസ്യപ്പോലീസോ?!

    ReplyDelete